വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്: വൈറൽ റെമഡി സത്യമോ

Ghee

വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്: വൈറൽ റെമഡി സത്യമോ

മലയാളികളുടെ പ്രീമിയം ഭക്ഷണങ്ങളിൽ നെയ്യിന്റെ പങ്ക് വളരെ വലുതാണ്. ഔഷധത്തിലും ഭക്ഷണത്തിലും പ്രധാന ചേരുവയായി പരമ്പരാഗതമായി നെയ്യ് ഉപയോഗിക്കാറുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ നെയ്യില്‍ (14 ഗ്രാം) ഏതാണ്ട് 123 കലോറി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിൻ എ, ഇ, കെ എന്നിവയാൽ സമ്പന്നമാണ് നെയ്യ്.

രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന തരത്തിൽ പല സെലിബ്രിറ്റികളും തങ്ങളുടെ അഭിമുഖങ്ങളിൽ പറയുകയും അത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുടലുകളെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും അസിഡിറ്റി, വയറു വീര്‍ക്കല്‍ എന്നിവ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദഹനപ്രശ്നങ്ങൾ നേരിടുന്നവർക്ക് രാവിലെ ഒരു സ്പൂൺ നെയ്യ് ചെറു ചൂടുവെള്ളത്തിലൊഴുച്ചു കുടിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. വയറുവേദന, ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാകും.

കൂടാതെ എല്ലുകള്‍ക്കും ഹോര്‍മോണുകളുടെ ആരോഗ്യത്തെ പോഷിപ്പിക്കുന്നതിനും സഹായിക്കുന്ന നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് ഇതിൽ. നെയ്യിൽ ആന്റി-ഇന്‍ഫ്ളമേറ്ററി കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് സന്ധികളെ പിന്തുണയ്ക്കുന്നു. മിതമായ അളവിൽ ഉപയോഗിച്ചാൽ ശരീരഭാരം കൂടുമെന്ന ടെൻഷനും ഒഴിവാക്കാം.

രാവിലെ നെയ്യ് കഴിക്കുന്നത് വിശപ്പ് നിന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും സഹായിക്കും. തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നെയ്യില്‍ അടങ്ങിയിട്ടുള്ളതിനാൽ ഓര്‍മശക്തി വർധിക്കും. നെയ്യ് കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെങ്കിലും അത് അമിതമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.