പുതിയ ഹോണ്ട എലിവേറ്റ്  വിപണിയിൽ: ക്രെറ്റയെ തോൽപ്പിക്കാൻ ഇത് മതിയോ

പുതിയ ഹോണ്ട എലിവേറ്റ്  വിപണിയിൽ: ക്രെറ്റയെ തോൽപ്പിക്കാൻ ഇത് മതിയോ

ഹോണ്ട കാർസ് ഇന്ത്യ പുതിയ ഹോണ്ട എലിവേറ്റ് എസ്‌യുവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2023-ൽ പുറത്തിറങ്ങിയതിനു ശേഷമുള്ള ഈ എസ്‌യുവിയുടെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. 11.80 ലക്ഷം രൂപ മുതൽ 18.40 ലക്ഷം വരെയാണ് (എക്സ്-ഷോറൂം) പുതിയ ഹോണ്ട എലിവേറ്റിന്റെ വില. പുറംമോടിയിലും അകത്തളത്തിലും പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ അധിക ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കൽ സംവിധാനങ്ങളിൽ മാറ്റങ്ങളൊന്നുമില്ല. എസ്‌യുവിയുടെ ബുക്കിംഗ്  ആരംഭിച്ചിട്ടുണ്ട്. എലിവേറ്റ് ഇന്ത്യയിൽ തന്നെയാണ് നിർമ്മിക്കുന്നത്, ഇത് ജപ്പാനിലേക്കും കയറ്റുമതി ചെയ്യുന്നു.


നിലവിലെ മോഡലിന്റെ ഡിസൈൻ നിലനിർത്തിക്കൊണ്ട് ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻഭാഗത്താണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഗ്രില്ലിന് മുകളിലായി പുതിയ എൽഇഡി ഡിആർഎൽ (DRL) സ്ട്രിപ്പ് നൽകിയിട്ടുണ്ട്. ഇത് നിലവിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഗ്ലോസ്-ബ്ലാക്ക് ഫിനിഷോടുകൂടിയ പുതിയ മെഷ് പാറ്റേണാണ് ഗ്രില്ലിനുള്ളത്. കൂടാതെ, ഹോണ്ടയുടെ ലോഗോ ഗ്രില്ലിൽ നിന്ന് ബോണറ്റിന്റെ അരികിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നിലായി, ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാർ ഹോണ്ട നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മൊത്തത്തിലുള്ള ഡിസൈനിൽ വലിയ മാറ്റങ്ങളില്ല. പഴയ മോഡലിലെ അലോയ് വീലുകൾ തന്നെയാണ് പുതിയതിലും നിലനിർത്തിയിരിക്കുന്നത്.


ഇന്റീരിയർ ലേഔട്ടിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ലെങ്കിലും  പുതിയ ഫീച്ചറുകൾ ഹോണ്ട ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട് സീറ്റിന് പുറമേ റിയർ- സീറ്റിനും വെന്റിലേഷൻ (പിൻസീറ്റ് എയർ കൂളിംഗ്). ഈ സെഗ്‌‌മെന്റിൽ ആദ്യമാണ്  rear seat ventillation ഫീച്ചർ.

360 ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, പിഎം2.5 (PM2.5) ഫിൽട്ടർ എന്നിവയും പുതിയ എലിവേറ്റിൽ ലഭിക്കും. ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, പിൻ ചക്രങ്ങളിൽ ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയാണ് മറ്റ് പ്രത്യേകതകൾ. സിവിടി (CVT) പതിപ്പുകളിൽ ഓട്ടോ ഹോൾഡ് ഫീച്ചറും നൽകിയിട്ടുണ്ട്. ടോപ് വേരിയൻ്റിൽ ഡ്രൈവർ സീറ്റ് 8-വേ പവർ അഡ്ജസ്റ്റ്‌മെന്റും ഫ്രണ്ട് പാസഞ്ചർ സീറ്റ് 4-വേ ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റും ഉള്ളതാണ്. ഇന്റീരിയർ കളർ തീമിൽ മാറ്റം വരുത്തിയിട്ടുള്ള ഹോണ്ട, എക്സ്റ്റീരിയർ കളർ നിരയിലേക്ക് 'നോർഡിക് ഫെസ്റ്റ് പേൾ' (Nordic Fest Pearl) കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.


ഈ എസ്‌യുവി മൂന്ന് ഡ്യുവൽ-ടോൺ കോമ്പിനേഷനുകളിൽ ലഭ്യമാണ് - നോർഡിക് ഫെസ്റ്റ് പേൾ, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ. സിംഗിൾ-ടോൺ ഓപ്ഷനുകളിൽ നോർഡിക് ഫെസ്റ്റ് പേൾ, ക്രിസ്റ്റൽ ബ്ലാക്ക് പേൾ, ഒബ്‌സിഡിയൻ ബ്ലൂ പേൾ, റേഡിയന്റ് റെഡ് മെറ്റാലിക്, മെറ്റിയോറോയിഡ് ഗ്രേ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നിവ ഉൾപ്പെടുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത എലിവേറ്റിന്റെ മെക്കാനിക്കൽ വശങ്ങളിൽ മാറ്റങ്ങളൊന്നുമില്ല. 120hp കരുവും 145Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് ഹോണ്ട ഇതിലും നിലനിർത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലോ സിവിടി (CVT) ട്രാൻസ്മിഷനിലോ ഇത് ലഭ്യമാകും.