ഡൽഹിയെ ഫാഷൻ ലഹരിയിലാക്കാൻ ലാക്മേ ഫാഷൻ വീക്ക്:
വരാനിരിക്കുന്ന വിവാഹ സീസണിലെ ട്രെൻഡുകൾ എന്തൊക്കെയായിരിക്കും? മെട്രോ നഗരങ്ങളിലെ സ്ട്രീറ്റ് ഫാഷൻ കീഴടക്കാൻ പോകുന്ന പുത്തൻ ഡിസൈനുകൾ ഏതാണ്? ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരവുമായി ഇന്ത്യൻ ഫാഷൻ രംഗത്തെ ഏറ്റവും വലിയ മാമാങ്കമായ ലാക്മേ ഫാഷൻ വീക്ക് വീണ്ടും എത്തുന്നു. 2026 ഒക്ടോബർ 13 മുതൽ 18 വരെ ന്യൂഡൽഹിയിലെ താജ് പാലസിലാണ് മേള അരങ്ങേറുക.
മനീഷ് മൽഹോത്രയുടെ തിരിച്ചുവരവ്
ബോളിവുഡിലെയും ഇന്ത്യൻ ഫാഷൻ ലോകത്തെയും പ്രിയങ്കരനായ മനീഷ് മൽഹോത്ര 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാക്മേ ഫാഷൻ വീക്കിലേക്ക് തിരികെയെത്തുന്നു. വരുന്ന ആഘോഷ-വിവാഹ സീസണുകൾക്കായി അദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ 'ഫെസ്റ്റീവ് കലക്ഷൻ' റൺവേയിൽ അവതരിപ്പിക്കും. ഈ ഷോ തന്നെയാണ് ഇത്തവണത്തെ പ്രധാന ആകർഷണം.
മാർച്ചിൽ മുംബൈയിൽ നടന്ന ലാക്മേ ഫാഷൻ വീക്കിൽ മനീഷ് മൽഹോത്രയുടെ ലക്ഷുറി റെഡി ടു വെയർ കലക്ഷൻ അവതരണം ഷെഡ്യൂൾ ചെയ്തതാണെങ്കിലും അവസാന നിമിഷം ഷോ റദ്ദാക്കുകയായിരുന്നു.

ഉദ്ഘാടന ഷോ ആഘോഷമാക്കാൻ 'pēro'
ഡിസൈനർ അനീത് അറോറയുടെ പ്രശസ്തമായ ബ്രാൻഡ് 'pēro' ആണ് 13ന് ഫാഷൻ വീക്കിന് തുടക്കമിടുന്നത്. പരമ്പരാഗത കൈത്തറി വസ്ത്രങ്ങളും ആധുനിക ഡിസൈനുകളും സമന്വയിപ്പിക്കുന്ന വസ്ത്രങ്ങളാണ് പെറൊയുടെ പ്രത്യേകത. 2024 ലാക്മേ ഫാഷൻ വീക്കിലെ ഓപണിങ് ഷോയും പെറോയുടേതായിരുന്നു. കേരളത്തിൽ നിന്നുള്ള കാവടിയാട്ട സംഘത്തെ ഉൾപ്പെടുത്തി നടത്തിയ അന്നത്തെ ‘ഹെലോ പെറോ’ ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ ലാക്മേ ഫാഷൻ വീക്ക് 2026 മുംബൈ പതിപ്പിൽ ഗ്രാൻഡ് ഫിനാലെ അവതരിപ്പിച്ചതും പെറോ ആയിരുന്നു. ലാക്മേ, ടീര ബ്രാൻഡുകളുമായി സഹകരിച്ചാണ് ഇത്തവണ ഗ്രാൻഡ് ഓപ്പണിങ് ഷോ നടക്കുന്നത്

അമിത് അഗർവാളിന്റെ ഗ്ലാം ഫിനാലെ
18ന് നടക്കുന്ന ലാക്മേ ഗ്രാൻഡ് ഫിനാലെയിൽ ഡിസൈനർ അമിത് അഗർവാളിന്റെ ബ്രാൻഡായ AM.IT തരംഗമാകും. അദ്ദേഹത്തിന്റെ സിഗ്നേച്ചർ ശൈലിയായ ത്രിഡി ഡിസൈനുകൾ റൺവേയിൽ വിസ്മയം തീർക്കും. ഇതിനൊപ്പം ലാക്മേയുടെ ഏറ്റവും പുതിയ 9to5 Hya Glam മേക്കപ് നിരയുമായി സഹകരിച്ചാണ് ഷോ.
രാജ്യാന്തര ഡിസൈനുകളും
ലഡാക്കിന്റെ നെയ്ത്തുഭംഗിയും
ഇന്ത്യൻ മോഡലുകൾക്കു പുറമെ ആഗോള ഫാഷൻ സംസ്കാരവും ഇത്തവണ ഡൽഹിയിൽ സംഗമിക്കും. റഷ്യൻ ഡിസൈനറായ സെർജി സിസോയേവിന്റെ ഡിസൈനുകൾ റൺവേയിലെത്തും. ഇറ്റാലിയൻ കരകൗശല ഭംഗി വിളിച്ചോതുന്ന എക്സെലെൻസ പ്രദർശനവും നടക്കും.
ഹിമാലയൻ സംസ്കാരവും ലഡാക്കിലെ പരമ്പരാഗത നെയ്ത്തുരീതികളും പരിചയപ്പെടുത്തുന്ന ദി ഫിഫ്ത് സീസൺ സവിശേഷതയാണ്. 'R|Elan™ സർക്കുലർ ഡിസൈൻ ചാലഞ്ച്' വഴി പരിസ്ഥിതി സൗഹൃദമായ പുനരുപയോഗ ഫാഷൻ ആശയങ്ങൾ ഡിസൈനർമാർ അവതരിപ്പിക്കും.
റൺവേയിൽ നിന്ന് നേരിട്ട് ഷോപ്പിങ്
റൺവേയിലെത്തുന്ന വസ്ത്രങ്ങൾ ഇനി കണ്ടാസ്വദിക്കുക മാത്രമല്ല, സ്വന്തമാക്കുകയും ചെയ്യാം. ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) സ്റ്റോക്ക് റൂം വഴി തിരഞ്ഞെടുക്കപ്പെട്ട ഡിസൈനർ വസ്ത്രങ്ങൾ പ്രത്യേക വിലയിൽ വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
എങ്ങനെ തത്സമയം കാണാം?
ന്യൂഡൽഹിയിൽ നേരിട്ടെത്താൻ സാധിക്കാത്ത ഫാഷൻ പ്രേമികൾക്കായി ലാക്മേ, എഫ്ഡിസിഐ എന്നിവയുടെ സോഷ്യൽ മീഡിയ പേജുകളിലും ജിയോ ടിവിയിലും എല്ലാ ഷോയും തത്സമയം സംപ്രേഷണം ചെയ്യും.