Image

എഥനോൾ മുതൽ ഹൈബ്രിഡ് വരെ: കൺഫ്യൂഷൻ തന്നെ കൺഫ്യൂഷൻ

കരിമ്പോ ധാന്യങ്ങളോ വാറ്റി എടുക്കുന്ന എഥനോൾ പെട്രോളിൽ ചേർക്കുന്നതിന്റെ അളവു വീണ്ടും കൂട്ടുമെന്ന് സർക്കാർ പറഞ്ഞതോടെ പുതിയ വാഹനം (പ്രത്യേകിച്ച് കാറും ടുവീലറും) വാങ്ങാൻ പ്ലാൻ ചെയ്തവർ ആകെ കൺഫ്യൂഷനിലായിരിക്കുകയാണ്. 85% എഥനോളും 15% പെട്രോളും ആയാലും ഓടാനാകുന്ന വാഗൺ–ആർ കാർ മാരുതി സുസുകി അവതരിപ്പിക്കുകയും അങ്ങനെയുള്ള (ഇ–85) ഇന്ധനം വിൽക്കുന്ന പമ്പ് ഡൽഹിയിൽ ആരംഭിക്കുകയുംഒക്കെ ചെയ്തതോടെ, ഇനി എന്താണുണ്ടാവുകയെന്ന് ഉറ്റുനോക്കുകയാണ് വാഹനവിപണി. 85ശതമാനമോ 100% വരെയോ എഥനോൾ ഉപയോഗിക്കാവുന്ന ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ വിപണിയിലെത്തുമ്പോൾ ആ ഇന്ധനം ഉപയോഗിക്കുന്നതിൽ ആർക്കും ആശങ്കയില്ല. പക്ഷേ, ഇപ്പോഴുള്ള സാധാരണ പെട്രോൾ വാഹനങ്ങളിൽ എഥനോൾ ചേർന്ന പെട്രോൾ ഉപയോഗിക്കേണ്ടിവരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. എഥനോൾ ഇല്ലാത്ത കാലത്തിറങ്ങിയ വാഹനങ്ങളും ഉപയോഗത്തിലുണ്ട്. അവയിൽപ്പോലും ഇപ്പോൾ 20% എഥനോൾ ചേർത്ത പെട്രോളാണ് ഉപയോഗിക്കേണ്ടിവരുന്നത്. പുതിയ കാറുകൾക്കു 20% എഥനോൾ ഉള്ള (ഇ–20) പെട്രോൾ ഉപയോഗിക്കാൻ കഴിവുണ്ടെന്നു നിർമാതാക്കൾ പറയുന്നത് സമ്മതിക്കാം, പക്ഷേ അതും കടന്ന് ഇ–30 പെട്രോൾ ഉടൻ എത്തിക്കാനാണു ശ്രമം. മൈലേജ് കുറയുന്നു, പൈപ്പുകളും ജോയിന്റുകളും ദ്രവിക്കാൻ എഥനോളിലെ ജലാംശം കാരണമാകുന്നു എന്നിങ്ങനെ ഇപ്പോൾത്തന്നെ പ്രശ്നങ്ങളേറെയാണ്.

ഒന്നല്ല ഈ ഇന്ധനങ്ങൾ

പെട്രോൾ വേണ്ടവർക്ക് അതും എഥനോൾ ചേർത്ത പെട്രോൾ വേണ്ടവർക്ക് അതും നൽകാനാണ് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരേണ്ടത്. സിഎൻജി ഇന്ധനമുപയോഗിക്കുന്നതുപോലെ എഥനോൾ ഇന്ധനത്തിനും സ്വന്തമായ വ്യക്തിത്വം നൽകേണ്ടതാണ്. എഥനോളിനെ പെട്രോൾ എന്നു വിളിക്കാതെ, പ്രത്യേക വിഭാഗമായി പരിഗണിക്കണം. പെട്രോൾ, സിഎൻജി, എഥനോൾ, ഡീസൽ എന്നിങ്ങനെ 4 എണ്ണവും വൈദ്യുതിയും.


പ്ലസ് മൈനസ്

പെട്രോളിനു വില കൂടുതൽ ആണെങ്കിലും തലവേദന ഏറ്റവും കുറവ് പെട്രോൾ വാഹനമുപയോഗിക്കാനാണ്. എൻജിൻ പരിപാലനച്ചെലവ് കുറവ്. സിഎൻജി വാഹനങ്ങൾ ഉയർന്ന മൈലേജ് കാരണമാണു ശ്രദ്ധേയമാകുന്നത്. പക്ഷേ സിഎൻജി കിട്ടാൻ പ്രയാസമുള്ള ധാരാളം സ്ഥലങ്ങളുണ്ട്. ഡീസലിന്റെ ഉയർന്ന മൈലേജ് ആകർഷണം തന്നെയാണ്. പക്ഷേ ഇപ്പോഴത്തെ മലിനീകരണ നിയന്ത്രണച്ചട്ടങ്ങൾ പാലിക്കാൻ ഫിൽറ്ററും യൂറിയ ഫ്ലൂയിഡുമൊക്കെ ഉപയോഗിക്കേണ്ടവരുന്നതിനാൽ പരിപാലനച്ചെലവ് അൽപം കൂടും. വാഹനവിലയും പെട്രോൾ മോഡലിനെ അപേക്ഷിച്ച് കൂടുതൽ. എഥനോളിന് പെട്രോളിനോളം മൈലേജ് കിട്ടില്ല, വില അൽപം കുറവാണെങ്കിലും. ഇങ്ങനെ എത്രയോ തരം ആശങ്കകളിലാണ് വാഹനം വാങ്ങാനിറങ്ങുന്നവർ. ഡീസൽ ഇനിയൊരു 15 വർഷത്തിനപ്പുറം അനുവദിക്കില്ലെന്നൊക്കെ വ്യാപകപ്രചാരണവും വ്യാജൻമാർ നടത്തുന്നുണ്ട്.

ചില ഇന്ധനങ്ങൾ വേണ്ട, പെട്രോളിൽ സർക്കാർ പറയുന്നപോലെ എഥനോൾ ചേർക്കണം എന്നൊക്കെയാകുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പം ചെറുതല്ല. വാഹനഉപയോഗത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഇന്ധനഓപ്ഷൻ തിരഞ്ഞെടുക്കാൻ കസ്റ്റമർക്ക് അവസരം ഉണ്ടാകണമെന്ന സാമാന്യ നീതി ഇല്ലാതാകുകയാണ്.


ഹൈബ്രിഡും ഇവിയും

ഇലക്ട്രിക് കാറുകൾക്കു മൊത്തം കാർ വിപണിയുടെ 6% വിൽപനയുണ്ടെങ്കിലും ഇപ്പോഴും ആളുകൾക്ക് പൂർണവിശ്വാസമായിട്ടില്ല. ഇവി കാര്യത്തിൽ ചൈനീസ് കമ്പനികൾ ബാക്കി ഏതു രാജ്യങ്ങളെക്കാളും മുന്നിലാണെങ്കിലും ഇന്ത്യയിൽ ചൈനീസ് കമ്പനികൾക്കു കടുത്ത നിയന്ത്രണമുള്ളതിനാൽ എംജിയും ബിവൈഡിയുമൊക്കെ അർഹിക്കുന്ന വളർച്ച കിട്ടാതെ മുരടിക്കുകയാണ്. സർക്കാരിന്റെ ഈ നയം ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും വലിയ നേട്ടമാണ്. മാരുതിയും ഹ്യൂണ്ടായിയുമൊക്കെ പേരിന് ഇലക്ട്രിക് രംഗത്തുണ്ടെങ്കിലും ടാറ്റയുടെയും മഹീന്ദ്രയുടെയും മുന്നിൽ വളരെ ചെറുതാണ്.

പെട്രോൾ–ഡീസൽ കാറുകളെ അപേക്ഷിച്ച് ഉയർന്ന വില, റേഞ്ച് ആശങ്ക, ചാർജിങ് സൗകര്യങ്ങൾ പെർഫെക്ടല്ലാത്തത്, ചാർജിങ്ങിനുവേണ്ടുന്ന കാത്തിരിപ്പും സമയ നഷ്ടവും, ചെറുതും വലുതുമായ സാങ്കേതിക തകരാറുകൾ എന്നിവയൊക്കെയാണ് ഇലക്ട്രിക് കാറുകളിൽനിന്ന് ആളുകളെ മാറ്റിനിർത്തുന്നത്.

ഈ ആശയക്കുഴപ്പത്തിനിടയിൽ ഇപ്പോൾ ഹൈബ്രിഡ് കാറുകൾ ഫോക്കസിൽ വന്നിട്ടുണ്ട്. പെട്രോൾ എൻജിനും വൈദ്യുതി (ബാറ്ററി) മോട്ടറും ഉള്ള കാറുകളാണിത്. ടൊയോട്ട, ഹോണ്ട, മാരുതി സുസുകി എന്നിവർക്കാണ് നിലവിൽ ഹൈബ്രിഡ് (സെൽഫ് ചാർജിങ്) മോഡലുകൾ ഉള്ളത്. ഇക്കൊല്ലം തന്നെ റെനോ ഡസ്റ്റർ ഹൈബ്രിഡ് വരുന്നുണ്ട്.

സാധാരണ പെട്രോൾ കാറിനെക്കാൾ ഏതാണ്ട് 25% വിലക്കൂടുതൽ വരും ഹൈബ്രിഡിന്. മൈലേജും അത്രയും കൂടും. ഹൈബ്രിഡ് എന്നു പറഞ്ഞാലും പെട്രോളിന്റെ മൈലേജ് തന്നെയാണു പരിഗണിക്കുന്നത്. മൈലേജ് കൂട്ടൽ ടെക്നോളജിയെന്ന നിലയിലാണ് ഇലക്ട്രിക് മോട്ടർ വരുന്നത്.

ഇനി വരുമെന്നു പ്രതീക്ഷിക്കുന്ന പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലുകളിൽ സ്ഥിതി മാറും. അവ ഇലക്ട്രിക് കാർ പോലെ തന്നെ ചാർജ് ചെയ്ത് ഉപയോഗിക്കാം. ബാറ്ററിക്കു ചാർജ് പകരാനുള്ള ജനറേറ്റർ ആയാകും പെട്രോൾ എൻജിൻ കൂടുതലും പ്രവർത്തിക്കുക. എന്നാൽ, ഇതൊക്കെ ഇറക്കുമതി ചെയ്ത് വിപണിയിലെത്തുന്ന മോഡലുകളാണെങ്കിൽ വില വളരെ കൂടുതലായിരിക്കും. മാത്രമല്ല, ചൈനീസ് കമ്പനികൾക്ക് ഈ ടെക്നോളജി ഉണ്ടെങ്കിലും അവയ്ക്ക് ഇന്ത്യയിൽ മുതൽമുടക്കിന് നിയന്ത്രണമുണ്ട്. ബിവൈഡിയും എംജിയുമൊക്കെ ഈ പ്രശ്നം നേരിടുന്നുണ്ട്.