കിയ സോണറ്റിന് ക്രാഷ് ടെസ്റ്റിൽ വെറും ഒരു മാർക്ക്
2 എയർബാഗ് മാത്രമുള്ള സോണറ്റ് മോഡൽ ആണ് കിയ ഇന്ത്യയിൽ നിർമിച്ച് ആഫ്രിക്കയിൽ വിൽക്കുന്നത്.
Safer Cars for Africa പ്രോഗ്രാമിന് കീഴിൽ നടത്തിയ ഏറ്റവും പുതിയ ഗ്ലോബൽ എൻക്യാപ് (Global NCAP) ക്രാഷ് ടെസ്റ്റിൽ കിയ സോണറ്റിന് മുതിർന്നവരുടെ സുരക്ഷയിൽ (adult occupant protection) 1 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ (child occupant protection) 3 സ്റ്റാറും ലഭിച്ചു. ആശങ്കയുണർത്തുന്നതാണെങ്കിലും, ഗ്ലോബൽ എൻക്യാപ് പരിശോധിച്ച ദക്ഷിണാഫ്രിക്കൻ മോഡൽ സോണറ്റും ഇന്ത്യയിൽ വിൽക്കുന്ന മോഡലും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടെന്നതിൽ നമുക്ക് ആശ്വസിക്കാം.
ഇന്ത്യയിൽ സോണറ്റിന്റെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡാണ്. പക്ഷേ ഇന്ത്യയിൽ ഭാരത് എൻക്യാപ് പരിശോധനയ്ക്ക് ഇതുവരെ കിയ സോണറ്റ് വിധേയമാക്കിയിട്ടില്ല. സോണറ്റിൻ്റെ ഇരട്ട സഹോ ആയ ഹ്യുണ്ടായ് വെന്യുവിന് 5-star റേറ്റിംഗ് ഉണ്ട്.

മഹീന്ദ്ര 3xo, നിസ്സാൻ മാഗ്നൈറ്റ് എന്നീ ഇന്ത്യൻ നിർമിത കോംപാക്ട് SUV മോഡലുകൾക്ക് ആഫ്രിക്കയിൽ 5-star ക്രാഷ് റേറ്റിംഗ് ഉണ്ട്.

ആഫ്രിക്കൻ ടെസ്റ്റിൽ സോണറ്റ് മുന്നിൽ നിന്നുള്ള ഇടി (frontal offset crash test) പരിശോധിച്ചപ്പോൾ ഡ്രൈവറുടെയും യാത്രികന്റെയും തലയ്ക്കും കഴുത്തിനും മികച്ച സുരക്ഷയുണ്ടെന്ന് ഗ്ലോബൽ എൻക്യാപ് വിലയിരുത്തി. ഡ്രൈവറുടെ നെഞ്ചിന്റെ സുരക്ഷ തൃപ്തികരമാണെന്നും യാത്രികന്റെ നെഞ്ചിന്റെ സുരക്ഷ മികച്ചതാണെന്നും കണ്ടെത്തി. എന്നാൽ, ഡാഷ്‌ബോർഡിന് പിന്നിലെ കഠിനമായ ഭാഗങ്ങളിൽ ഇടിക്കാൻ സാധ്യതയുള്ളതിനാൽ മുട്ടുകളുടെ സുരക്ഷ പരിമിതം (marginal) മാത്രമാണെന്ന് രേഖപ്പെടുത്തി.
റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച ഒരു പ്രധാന ആശങ്ക വാഹനത്തിന്റെ ഘടനാപരമായ (structural) ശേഷിയെക്കുറിച്ചാണ്. കാറിന്റെ കാൽപ്പാദങ്ങൾ വയ്ക്കുന്ന ഭാഗം (footwell area) അസ്ഥിരമാണെന്നും, വാഹനത്തിന്റെ ബോഡിഷെല്ലിന് വലിയ ആഘാതങ്ങൾ താങ്ങാനുള്ള ശേഷിയില്ലെന്നും ഗ്ലോബൽ എൻക്യാപ് പ്രസ്താവിച്ചു.
വശങ്ങളിൽ നിന്നുള്ള ഇടിയുടെ (side impact test) പരിശോധനയിൽ തലയ്ക്കും ഇടുപ്പിനും മികച്ച സുരക്ഷയും, വയറിന് തൃപ്തികരമായ സുരക്ഷയും ലഭിച്ചപ്പോൾ നെഞ്ചിന്റെ സുരക്ഷ വളരെ മോശമാണെന്ന് (poor) കണ്ടെത്തി. ഈ മോശം റേറ്റിംഗ് മുതിർന്നവരുടെ മൊത്തത്തിലുള്ള സുരക്ഷാ സ്‌കോറിനെ സാരമായി ബാധിച്ചു. വശങ്ങളിൽ നിന്നുള്ള പോൾ ഇംപാക്ട് ടെസ്റ്റ് (side pole impact test) നടത്തിയില്ല; കാരണം പരീക്ഷണത്തിനെടുത്ത വാഹനത്തിൽ വശങ്ങളിൽ തലയ്ക്ക് സുരക്ഷ നൽകുന്ന എയർബാഗുകൾ സ്റ്റാൻഡേർഡ് ഫീച്ചറായി ഉണ്ടായിരുന്നില്ല.
എല്ലാ സീറ്റുകളിലും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകളുടെ അഭാവം, പിന്നിലേക്ക് തിരിച്ചു വെക്കുന്ന ചൈൽഡ് സീറ്റുകൾക്കായി മുൻസീറ്റിലെ എയർബാഗ് ഓഫാക്കാനുള്ള സ്വിച്ച് (passenger airbag deactivation switch) ഇല്ലാത്തത്, ചില സീറ്റുകളിൽ ചൈൽഡ് സീറ്റ് ഘടിപ്പിക്കുന്നതിനുള്ള പരിമിതികൾ എന്നിവ ഗ്ലോബൽ എൻക്യാപ് ചൂണ്ടിക്കാണിച്ചു.
റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണാഫ്രിക്കൻ സോണറ്റിൽ മുൻവശത്തെ എയർബാഗുകൾ, സീറ്റ് ബെൽറ്റ് പ്രീടെൻഷനറുകൾ, ലോഡ് ലിമിറ്ററുകൾ എന്നിവ മാത്രമേ സ്റ്റാൻഡേർഡായി ഉണ്ടായിരുന്നുള്ളൂ. വശങ്ങളിലെ കർട്ടൻ എയർബാഗുകൾ, വശങ്ങളിലെ ചെസ്റ്റ് എയർബാഗുകൾ, മറ്റ് അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ ഒന്നും ഇല്ലായിരുന്നു. ഇന്ത്യയിൽ
വിൽക്കുന്ന മോഡലിൽ ADAS ഫീച്ചറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM) തുടങ്ങി നിരവധി അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാണ്.