Image

ഓഡിസി

ഇതിഹാസങ്ങളുടെ ഇതിഹാസവുമായി നോളൻ; തിയേറ്ററുകളിൽ ആവേശമായി 'ഓഡിസി'

ലോകമെങ്ങുമുള്ള സിനിമാ പ്രേമികളെ ആവേശക്കൊടുമുടിയിലേറ്റുകയാണ് ഹോളിവുഡ് മാസ്റ്റർ ഡയറക്ടർ ക്രിസ്റ്റഫർ നോളന്റെ ബ്രഹ്മാണ്ഡ ചിത്രം 'Odyssey' (ഓഡിസി). ഓസ്കാർ വാരിക്കൂട്ടിയ 'ഓപ്പൺഹൈമറിന്' ശേഷം തിയേറ്ററുകളിൽ എത്തുന്ന നോളൻ ചിത്രം എന്ന ഖ്യാതിയോടെ വന്ന ഓഡിസി, ആദ്യ ദിനം മുതൽ തന്നെ ബോക്സ് ഓഫീസിൽ പുതിയ ചരിത്രങ്ങൾ സൃഷ്ടിച്ചു..

റിലീസിന് മുന്നേ  ടിക്കറ്റ് വിൽപനയിൽ റെക്കോർഡിട്ട ചിത്രം, സിനിമാ ആസ്വാദകർക്ക് സമാനതകളില്ലാത്ത ഒരു ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്.  


ഓഡിസി സിനിമയിൽ നിന്ന്

ഹോമറിന്റെ ലോകപ്രശസ്ത ക്ലാസിക് അടിസ്ഥാനമാക്കി നോളൻ ഒരുക്കിയ ഈ ചിത്രം, സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ പരീക്ഷണങ്ങളിലൊന്നാണ്. ഇതിന് മുൻപും ഹോമറിന്റെ ഇതിഹാസം സിനിമയായിട്ടുണ്ടെങ്കിലും (1954-ൽ കിർക്ക് ഡഗ്ലസ് അഭിനയിച്ച 'Ulysses', 1997-ൽ അർമാൻഡ് അസാന്റെയുടെ മിനിസീരീസ് എന്നിവ), ക്രിസ്റ്റഫർ നോളന്റെ കൈകളിൽ എത്തിയപ്പോൾ ഈ പുരാതന കഥ ഒരു സൈൻസ് ഫിക്ഷൻ-ഫാന്റസി അഡ്വഞ്ചർ ത്രില്ലറായി പുനർജനിക്കുകയായിരുന്നു. ട്രോജൻ യുദ്ധത്തിന് ശേഷം പത്ത് വർഷക്കാലം നീണ്ടുനിൽക്കുന്ന ഒഡീസിയസിന്റെ നാട്ടിലേക്കുള്ള ദുരൂഹവും അപകടം നിറഞ്ഞതുമായ മടക്കയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.  


ആൻ ഹാത്‌വേ

വിഷ്വൽ എഫക്ട്സ് യുഗത്തിലെ 

'റിയൽ' വിപ്ലവം

നോളൻ്റെ ഓഡിസിയെ കൂടുതൽ കൗതുകകരമാക്കുന്നത് സിനിമയുടെ വിഷ്വൽ മേക്കിങ് തന്നെയാണ്. ഇന്നത്തെ കാലത്ത് ഇത്തരം ഫാന്റസി ചിത്രം പൂർണ്ണമായും കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് ഗ്രീൻ സ്ക്രീനിൽ ചെയ്യാനാണ് ഏതൊരു സംവിധായകനും ശ്രമിക്കുക. എന്നാൽ നോളൻ തന്റെ പതിവ് ശൈലി കൈവിട്ടില്ല. ഗ്രീക്ക് പുരാണത്തിലെ സൈക്ലോപ്സ് (ഒറ്റക്കണ്ണൻ രാക്ഷസൻ), സമുദ്ര രാക്ഷസന്മാർ, സിർസി എന്ന മന്ത്രവാദിനി എന്നിവരെയെല്ലാം ചുരുങ്ങിയ അളവിൽ മാത്രം CGI ഉപയോഗിച്ച്, പ്രാക്ടിക്കൽ എഫക്ട്സിലൂടെയാണ് അദ്ദേഹം സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്.  

ഇറ്റലി, ഐസ്‌ലൻഡ്, ഗ്രീസ്, മൊറോക്കോ, സ്കോട്ട്‌ലൻഡ് ഉൾപ്പെടെ 6 രാജ്യങ്ങളിലെ യഥാർത്ഥ ലൊക്കേഷനുകളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. കൂടാതെ, ലോകസിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഫീച്ചർ ഫിലിം പൂർണ്ണമായും 70mm ഐമാക്സ് (IMAX) ഫിലിം ക്യാമറകൾ മാത്രം ഉപയോഗിച്ച് ചിത്രീകരിച്ചു എന്ന റെക്കോർഡും ഈ 173 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് സ്വന്തമാണ്.


റോബർട്ട് പാറ്റിൻസൺ

ലുഡ്‌വിഗ് ഗൊറാൻസന്റെ നെഞ്ചിടിപ്പേറ്റുന്ന പശ്ചാത്തല സംഗീതവും, ഹോയ്റ്റെ വാൻ ഹോയ്റ്റെമയുടെ ഛായാഗ്രഹണവും സിനിമയെ തിയേറ്ററുകളിൽ മാത്രം കണ്ട് ആസ്വദിക്കേണ്ട ഒന്നാക്കി മാറ്റുന്നു.  


ഓഡിസിയിലെ വനിതാ താരനിര

നക്ഷത്രത്തിളക്കമുള്ള താരനിര


ഒഡീസിയസ് ആയി വേഷമിട്ട മാറ്റ് ഡാമന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനത്തിനാണ് പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്. ടോം ഹോളണ്ട് (ടെലിമാക്കസ്), റോബർട്ട് പാറ്റിൻസൺ, ആൻ ഹാതവേ (പെനിലോപ്പി), സെൻഡയ (അഥീന ദേവത), ചാർലിസ് തെറോൺ (സിർസി) എന്നിവരടങ്ങുന്ന വൻ താരനിര തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. ഈ ചിത്രത്തിലെ മറ്റൊരു വലിയ സർപ്രൈസ് അമേരിക്കൻ റാപ്പർ ട്രാവിസ് സ്കോട്ടിന്റെ സാന്നിധ്യമാണ്. പൗരാണിക കവിതകളും ഇന്നത്തെ കാലത്തെ റാപ്പ് സംഗീതവും തമ്മിലുള്ള സാദൃശ്യം കാണിക്കാനാണ് ട്രാവിസിനെ ചിത്രത്തിൽ ഉൾപ്പെടുത്തിയതെന്നാണ് നോളൻ വ്യക്തമാക്കിയത്.  


സിനിമാ പ്രചാരണത്തിൻ്റെ ഭാഗമായി ഹോളിവുഡ് താരങ്ങൾ മുംബൈയിൽ എത്തിയപ്പോൾൾ

ഹോളിവുഡിനെ ഞെട്ടിച്ച 

ഇന്ത്യൻ പ്രൊമോഷൻ

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ക്രിസ്റ്റഫർ നോളൻ, മാറ്റ് ഡാമൻ, ടോം ഹോളണ്ട്, നിർമാതാവ് എമ്മ തോമസ് എന്നിവരടങ്ങുന്ന വൻ സംഘം നേരിട്ടെത്തിയാണ് മുംബൈയിൽ ചിത്രത്തിന്റെ പ്രൊമോഷൻ നടത്തിയത്. തന്റെ മുൻ ചിത്രമായ 'ഓപ്പൺഹൈമർ' ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ വിപണികളിലൊന്ന് ഇന്ത്യയായിരുന്നുവെന്നും, ഇന്ത്യൻ പ്രേക്ഷകരുടെ സിനിമയോടുള്ള ആവേശവും അറിവും ലോകത്ത് മറ്റൊരു വിപണിയിലും താൻ കണ്ടിട്ടില്ലെന്നും നോളൻ തുറന്നുപറഞ്ഞു.  

ഇന്ത്യയിലെ വലിയ മാർക്കറ്റ് പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ഇംഗ്ലീഷിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പ്രാദേശിക ഭാഷകളിൽ കൂടി ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിട്ടുണ്ട്. 

മികച്ച സിനിമാ അനുഭവത്തിനായി ഏറ്റവും വലിയ സ്ക്രീനിൽ തന്നെ ഈ നോളൻ മാജിക് കാണാൻ  തിയേറ്ററുകളിലേക്ക് എത്തുകയാണ് പ്രേക്ഷകർ.