ഫഹദ് പാഴായി, ലാലേട്ടൻ വന്നത് വെറുതെയോ? 'പേട്രിയറ്റ്' ശരിക്കും ആരുടെ സിനിമയാണ്?
'റിയൽ പേട്രിയറ്റ് ആര്?' എന്ന തർക്കം കൊടുമ്പിരിക്കൊള്ളുകയാണ് ഫേസ്ബുക്കിലും എക്സിലും. രണ്ട് ഇതിഹാസങ്ങൾ നേർക്കുനേർ എത്തുമ്പോൾ കേരളത്തിലെ തിയേറ്ററുകൾ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാകുമെന്ന് ഏവർക്കും അറിയാമായിരുന്നു. എന്നാൽ വെറും കയ്യടികളല്ല, സൈബർ യുദ്ധമാണ് ഇവിടെ ഫാൻ വാർ !
മഹേഷ് നാരായണന്റെ 'പേട്രിയറ്റ്' (Patriot) റിലീസ് ചെയ്ത ദിവസം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. രാവിലെ ഷോ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ മുഖത്ത് സമ്മിശ്ര വികാരങ്ങളാണ്. മമ്മൂട്ടിയും മോഹൻലാലും സ്ക്രീനിൽ ഒന്നിച്ചു നിൽക്കുന്നത് കണ്ട് കണ്ണുനിറഞ്ഞ ആരാധകർ ഒരു വശത്ത്. എന്നാൽ "ഇത്രയൊക്കെയുള്ളോ?" എന്ന് ചോദിക്കുന്ന സിനിമാപ്രേമികൾ മറുവശത്ത്.
സിനിമ തുടങ്ങുന്നതിന് മുൻപേ സോഷ്യൽ മീഡിയയിൽ ഫാൻ ഫൈറ്റുകൾ തുടങ്ങിയിരുന്നു. മമ്മൂട്ടി ആരാധകർ 'ഡാനിയൽ ജെയിംസ്' എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ മാസിനെ പുകഴ്ത്തുമ്പോൾ, മോഹൻലാൽ ആരാധകർ 'റഹിം നായിക്' എന്ന കേണൽ കഥാപാത്രത്തിന്റെ സ്ക്രീൻ പ്രസൻസിനെയാണ് ഉയർത്തിക്കാട്ടുന്നത്.
"മമ്മൂക്കയുടെ പെർഫോമൻസ് ക്ലാസ്സാണ്, ലാലേട്ടൻ വന്നപ്പോൾ തിയേറ്റർ ഇളകിമറിഞ്ഞു" എന്നൊരാൾ കമന്റ് ചെയ്യുമ്പോൾ, "ലാലേട്ടന്റേത് വെറും അതിഥി വേഷം മാത്രമാണല്ലോ" എന്ന് മറുപക്ഷം പരിഹസിക്കുന്നു. "മമ്മൂട്ടിക്ക് വേണ്ടിയുണ്ടാക്കിയ സിനിമയിൽ ലാലേട്ടനെ വെറുതെ മുഖം കാണിക്കാൻ വിളിച്ചതാണോ?" എന്നാണ് ലാൽ ആരാധകരുടെ ചോദ്യം.
മമ്മൂട്ടി ആരാധകർ പടം 'ക്ലാസ്സ് പ്ലസ് മാസ്സ്' എന്ന് വിളിക്കുമ്പോൾ, മോഹൻലാൽ ആരാധകരിൽ ഒരു വിഭാഗം തങ്ങളുടെ നായകന് കുറച്ചുകൂടി സ്ക്രീൻ സ്പേസ് വേണമായിരുന്നു എന്ന നിരാശയിലാണ്.

ഡാറ്റാ പ്രൈവസിയും സ്പൈ ത്രില്ലറും
മഹേഷ് നാരായണൻ എന്ന സംവിധായകൻ ഒരിക്കൽ കൂടി തന്റെ ക്രാഫ്റ്റ് തെളിയിച്ചിരിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങളും 'പെരിസ്കോപ്പ്' എന്ന സ്പൈവെയറും പ്രമേയമാക്കി എടുത്ത ഈ ചിത്രം വെറുമൊരു മസാല പടമല്ല.
സിനിമയുടെ ആദ്യ ഒരു മണിക്കൂർ ഡാറ്റാ ചോർച്ചയെക്കുറിച്ചുള്ള സാങ്കേതിക സംഭാഷണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇത് വിരസതയുണ്ടാക്കുന്നുണ്ട്. എന്നാൽ ഇൻ്റർവൽ എത്തുമ്പോൾ ഉണാക്കിയെടുത്ത സ്പൈ ത്രില്ലർ ഹൈപ് പിന്നിട് നിർത്താൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ക്ലൈമാക്സ് പെട്ടെന്ന് തീർന്നുപോയത് പോലെ തോന്നി. വില്ലനായ ഫഹദ് ഫാസിലിന്റെ കഥാപാത്രം പെട്ടെന്ന് ദുർബലനായി മാറിയത് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു.
മമ്മൂട്ടിയുടെ പക്വതയാർന്ന അഭിനയമാണ് സിനിമയുടെ നെടുംതൂൺ. മോഹൻലാൽ വരുന്നത് രണ്ടാം പകുതിയിലാണെങ്കിലും ആ നിമിഷങ്ങൾ തിയേറ്ററിനെ ആവേശത്തിലാഴ്ത്തുന്നുണ്ട്.
നല്ല തിരക്കഥയുടെയും കഥാപാത്ര സൃഷ്ടിയുടെയും പോരായ്മ മിക്കവാറും എല്ലാ അഭിനേതാക്കളെയും ബാധിച്ചിട്ടുണ്ട്. കൃത്യമായ
ക്യാറക്ടർ ഡെവലപ്പ്മെന്റ് ഇല്ലാതെ പോയ ഫഹദ് ഫാസിലിൻ്റെ വില്ലൻ റോൾ തീർത്തും പാഴായി. അടുത്തിടെ തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിൽ പ്രതിനായക വേഷത്തിൽ എത്തിയതിൻ്റെ വിരസമായ ആവർത്തനം ഫാഫയെ വിടാതെ പിന്തുടരുന്നുണ്ട് ഈ സിനിമയിലും.
മമ്മുട്ടിയുടെ മുൻ ഭാര്യാ വേഷത്തിലെത്തുന്ന നയൻതാരയ്ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിൽ പോലും തിരക്കഥ പരാജയപ്പെട്ടു. കുഞ്ചാക്കോ ബോബൻ്റെയും സ്ഥിതി വ്യത്യസ്തമല്ല
വലിയ രീതിയിലുള്ള സൈബർ സെക്യൂരിറ്റിയെക്കുറിച്ച് സംസാരിക്കുന്ന സിനിമയിൽ ചിലയിടങ്ങളിൽ സിനിമാറ്റിക് ലിബർട്ടി അല്പം കൂടിപ്പോയി എന്ന് പറയാതെ വയ്യ.
സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ വേഗതക്കൊപ്പം സഞ്ചരിക്കുന്നു. മനുഷ് നന്ദന്റെ ക്യാമറ ലണ്ടനിലെ തെരുവുകളെയും കൊച്ചിയിലെ തിരക്കിനെയും ഒരേപോലെ ഒപ്പിയെടുത്തു.
രണ്ടാം പകുതിയിൽ മോഹൻലാൽ കഥാപാത്രത്തെ ഉൾപ്പെടുത്തിയത് കഥയുടെ ഒഴുക്കിനെ ചിലയിടങ്ങളിൽ ബാധിക്കുന്നുണ്ടോ എന്ന സംശയം തോന്നാം. ആക്ഷൻ രംഗങ്ങളിലും കുറച്ചുകൂടി വൈവിധ്യം ആകാമായിരുന്നു.

*** 3/5
പേട്രിയറ്റ്' വെറുമൊരു ഫാൻ മൂവിയല്ല. അത് നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാങ്കേതികതയും ചർച്ച ചെയ്യുന്ന ഗൗരവകരമായ ഒരു സിനിമയാണ്.
മഹേഷ് നാരായണൻ ഒരു മികച്ച ചിത്രം അണിയിച്ചൊരുക്കാൻ ശ്രമിച്ചു എന്നു തന്നെ പറയാം. പക്ഷേ, രണ്ട് സൂപ്പർ താരങ്ങളെ ഒരേ ഫ്രെയിമിൽ കൊണ്ടുവരുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ആ 'ഫയർ' സിനിമയിൽ പലയിടത്തും മിസ്സിംഗ് ആണ്. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുമ്പോൾ പ്രതീക്ഷിച്ച 'ആ പഴയ ടിട് ഫോർ ടാറ്റ്' സംഭാഷണങ്ങൾ ഇല്ലാത്തതിൽ ചെറിയൊരു പരിഭവം ആരാധകർക്കുണ്ട്. സിനിമയുടെ സാങ്കേതികതയും മമ്മൂട്ടിയുടെ ഗംഭീര പ്രകടനവുമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.
പക്ഷേ മികച്ച സ്പൈ ത്രില്ലർ പ്രതീക്ഷിച്ചു പോകുന്നവർക്ക് ചിത്രം അമിത പ്രതീക്ഷകൾ നൽകി നിരാശപ്പെടുത്താൻ സാധ്യതയുണ്ട്. പ്രതീക്ഷകൾ മാറ്റി വെച്ച് പോയാൽ കാണാവുന്ന ഒരു പരീക്ഷണ ചിത്രം.