Image

മമ്മൂട്ടി, കാർത്തിക് ആര്യൻ

കൊടുമൺ പോറ്റിയുടെ സിംഹാസനത്തിൽ ബോളിവുഡിന് എന്ത് കാര്യം?

സ്വന്തം ഇമേജും വില്ലൻ പരിവേഷവും പരിഗണിക്കാതെ മികച്ച കഥാപാത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നടൻ, അതു തികഞ്ഞ മികവോടെ, പ്രേക്ഷകരെ അത്ഭുതപരതന്ത്രരാക്കി സ്ക്രീനില്‍ അവതരിപ്പിക്കുന്നു. മറ്റൊരു നടൻ ശാരീരികമായി കഠിനാധ്വാനം ചെയ്തു കഥാപാത്രമായി മാറുകയും തന്നാൽ കഴിയുന്നവിധം നന്നായി അഭിനയിക്കുകയും ചെയ്യുന്നു – രാജ്യത്തെ മികച്ച നടൻ എന്ന തിരഞ്ഞെടുപ്പിനു മുന്നിൽ അഭിനയത്തിന്റെ പൂർണതയ്ക്കാണോ നടന്റെ കഷ്ടപ്പാടിനാണോ പരിഗണന ? ഒരു തീരുമാനത്തിലെത്താൻ സാധിക്കാതെ രജത കമലം മെഡലും 2 ലക്ഷം രൂപയും പങ്കുവയ്ക്കാനാണെങ്കിൽ ദേശീയ അവാർഡ് നിർണയ ജൂറിയുടെ ജോലിയെന്താണ് ?

 

ഭ്രമയുഗം സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം


എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച വേളയിൽ വീണ്ടുമൊരു വിവാദത്തിന് വഴിതുറന്നിരിക്കുകയാണ് അവാർഡ് വീതം വയ്പ്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി 'ഭ്രമയുഗം' എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ നാലാമത്തെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി ചരിത്രനേട്ടം കുറിച്ചു. ഒപ്പം 'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ബോളിവുഡ് താരം കാർത്തിക് ആര്യനും ഇതേ പുരസ്കാരം പങ്കിട്ടു.

 അഭിനയത്തിന്റെ ആഴവും കഥാപാത്രത്തിന്റെ സമഗ്രതയും പരിഗണിക്കുന്നതിന് പകരം, അവാർഡുകൾ പങ്കുവെക്കുന്ന ജൂറിയുടെ പ്രവണത പുരസ്കാരങ്ങളുടെ മൂല്യം തന്നെ ചോർത്തിക്കളയുന്നുവെന്ന വിമർശനം ഉയർത്തുകയാണ് മലയാള പ്രേക്ഷകർ. ബോളിവുഡ്– സൗത്ത് ഇന്ത്യ സിനിമകൾക്കായി വീതം വയ്പ്പിന്റെ മട്ടിൽ പുരസ്കാരം പ്രഖ്യാപിക്കുന്നത് ഇതാദ്യമായല്ല. എന്നാൽ മമ്മൂട്ടി ഭ്രമയുഗത്തിൽ അവതരിപ്പിച്ച കൊടുമൺ പോറ്റിയോടു കിടപിടക്കാവുന്ന അഭിനയ മികവ് മറ്റൊരു നടനും ഈ കാലായളവിൽ അവകാശപ്പെടാനാകില്ലെന്നതാണ് ആരാധകരെയും മലയാളി പ്രേക്ഷകരെയും ചൊടിപ്പിക്കുന്നത്.

 

ചന്തു ചാമ്പ്യൻ സിനിമയിൽ കാർത്തിക് ആര്യൻ


കൊടുമൺ പോറ്റിയുടെ ആസുരതയും

കാർത്തിക്കിന്റെ കഠിനാധ്വാനവും

 

ഭ്രമയുഗത്തിൽ രാഹുൽ സദാശിവൻ ഒരുക്കിയ ബ്ലാക്ക് ആൻഡ് വൈറ്റ് ലോകത്ത്, മമ്മൂട്ടി പകർന്നാടിയ 'കൊടുമൺ പോറ്റി' എന്ന കഥാപാത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നെഗറ്റീവ് കഥാപാത്രങ്ങളിൽ ഒന്നാണ്. വാർദ്ധക്യത്തിന്റെ ജരയും നരയും ബാധിച്ച, വിരൂപമായ ലുക്കിലേക്ക് സ്വയം മാറുവാൻ അദ്ദേഹം കാണിച്ച ധൈര്യം ഒരു ഇതിഹാസ നടന് മാത്രം സാധ്യമാകുന്ന ഒന്നാണ്. ശബ്ദത്തിന്റെ മോഡുലേഷനിലും, പല്ലുകൾ കാട്ടിയുള്ള ആസുരമായ ചിരിയിലും, കണ്ണുകളിലെ ക്രൂരതയിലും മമ്മൂട്ടി എന്ന നടൻ പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി. പ്രായത്തെ വെല്ലുവിളിക്കുന്ന ഭാവപ്പകർച്ച കൊണ്ട് അദ്ദേഹം സൃഷ്ടിച്ച ആന്ത്രോപോമോർഫിക് ഭയം ഒരു അഭിനയ പാഠപുസ്തകമാണ്.

 

താരതമ്യപ്പെടുത്താവുന്ന അഭിനയ പ്രകടനമോ ?

ഇന്ത്യയുടെ ആദ്യ പാരാലിംപിക് സ്വർണ്ണ മെഡൽ ജേതാവ് മുരളീകാന്ത് പേട്കറുടെ ജീവിതം പറയുന്ന കബീർ ഖാൻ ചിത്രം 'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാർത്തിക് ആര്യന് പുരസ്കാരം ലഭിച്ചത്. ചിത്രത്തിന് വേണ്ടി കാർത്തിക് നടത്തിയ ശാരീരിക മാറ്റങ്ങളും, ശരീരഭാരം കുറച്ചതും, ബോക്സിങ്-നീന്തൽ പരിശീലനങ്ങൾ നടത്തിയതുമെല്ലാം പ്രശംസനീയമാണ്. എന്നാൽ, കഠിനാധ്വാനംഒരിക്കലും ഒരു നടന്റെ സ്വാഭാവികമായ അഭിനയ പ്രതിഭയ്ക്ക് പകരമാകില്ലെന്നാണ് സിനിമാ നിരൂപകർ ചൂണ്ടിക്കാണിക്കുന്നു.

ഒരുപക്ഷേ കാർത്തിക്കിന്റെ കരിയറിലെ മികച്ച പ്രകടനമായിരിക്കാം ഇത്, പക്ഷേ മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം വെക്കാൻ ഇതിനു കെൽപ്പുണ്ടോയെന്നതാണു ചോദ്യം.


കാർത്തിക് ആര്യൻ

പങ്കുവെക്കലിൽ ചോരുന്ന

അവാർഡിന്റെ മൂല്യം

 

ദേശീയ പുരസ്കാര ചരിത്രത്തിൽ മികച്ച നടനുള്ള അവാർഡ് രണ്ട് പേർ ചേർന്ന് പങ്കിടുന്ന പ്രവണത ഇതാദ്യമല്ല. വടക്കൻ-തെക്കൻ സിനിമാ വ്യവസായങ്ങളെ ഒരുപോലെ തൃപ്തിപ്പെടുത്താനും, പ്രാദേശികമായ സന്തുലിതാവസ്ഥ നിലനിർത്താനും ജൂറി പലപ്പോഴും ഇത്തരം 'ജോയിന്റ് അവാർഡുകൾ' പ്രഖ്യാപിക്കാറുണ്ട്.


ഒരേവർഷം രണ്ട് പേർക്ക് പുരസ്കാരം ലഭിച്ച പ്രധാനപ്പെട്ട സംഭവങ്ങൾ:

 

ബാലചന്ദ്ര മേനോൻ (സമാന്തരങ്ങൾ) & സുരേഷ് ഗോപി (കളിയാട്ടം) - 1997: ഒരേ വർഷം രണ്ട് മലയാളി താരങ്ങൾ മികച്ച നടനുള്ള അവാർഡ് പങ്കിട്ട ചരിത്ര നിമിഷം.

മമ്മൂട്ടി (ഡോ. ബാബാസാഹേബ് അംബേദ്കർ) & അജയ് ദേവ്ഗൺ (സഖം) - 1998: മമ്മൂട്ടി മറ്റൊരു ബോളിവുഡ് താരവുമായി അവാർഡ് പങ്കിട്ട ആദ്യ സംഭവം.

ധനുഷ് (ആടുകളം) & സലിം കുമാർ (ആദാമിന്റെ മകൻ അബു) - 2010: തെന്നിന്ത്യൻ സിനിമ ഒരേപോലെ ആഘോഷിച്ച പുരസ്കാര വിഭജനം.

ഇർഫാൻ ഖാൻ (പാൻ സിംഗ് തോമർ) & വിക്രം ഗോഖലെ (അനുമതി) - 2012: ബോളിവുഡിലെയും മറാഠി സിനിമയിലെയും രണ്ട് പ്രതിഭകൾ അവാർഡ് പങ്കിട്ട വർഷം.

രാജ്കുമാർ റാവു (ഷാഹിദ്) & സൂരജ് വെഞ്ഞാറമൂട് (പേരറിയാത്തവർ) - 2013: ബോളിവുഡിലെ മികച്ച റിയലിസ്റ്റിക് നടനും മലയാളത്തിലെ പ്രിയതാരവും ഒപ്പത്തിനൊപ്പം എത്തിയ വർഷം.

ആയുഷ്മാൻ ഖുറാന (അന്ധാദുൻ) & വിക്കി കൗശൽ (ഉറി: ദി സർജിക്കൽ സ്ട്രൈക്ക്) - 2018: ബോളിവുഡിലെ രണ്ട് യുവതാരങ്ങൾ ഒരേ വർഷം മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടെടുത്തു.

ധനുഷ് (അസുരൻ) & മനോജ് ബാജ്പേയി (ഭോംസ്ലെ) - 2019: തെന്നിന്ത്യൻ-ബോളിവുഡ് സിനിമാ ലോകത്തെ രണ്ട് കരുത്തരായ അഭിനേതാക്കൾ അവാർഡിൽ ഒപ്പത്തിനൊപ്പം എത്തി.

സൂര്യ (സൂരറൈ പോട്ര്) & അജയ് ദേവ്ഗൺ (തൻഹാജി: ദി അൺസങ് വാരിയർ) - 2020: കോവിഡ് പ്രതിസന്ധികൾക്ക് ശേഷം പ്രഖ്യാപിച്ച അവാർഡിൽ രണ്ട് സൂപ്പർതാരങ്ങൾ പുരസ്കാരം പങ്കിട്ടു.

 

ദേശീയ പുരസ്കാരങ്ങളിൽ ബോളിവുഡ് ലോബിയുടെയും പ്രാദേശിക സന്തുലിതാവസ്ഥയുടെയും ഇടപെടലുകൾ പണ്ടുമുതലേ ആക്ഷേപത്തിന് ഇടയാക്കിയിട്ടുള്ളതാണ്. കലയോടും യഥാർത്ഥ പ്രതിഭയോടും ചെയ്യുന്ന ഇത്തരം അനീതികൾ പുരസ്കാരങ്ങളുടെ വിശ്വാസ്യതയെയാണ്

ചോദ്യം ചെയ്യുന്നത്.