Image

പൊള്ളാച്ചിയിലേക്ക് ട്രെയിനിൽ എത്തുന്നു മാരുതി കാറുകൾ

തമിഴ്‌നാട്ടിലെ പൊള്ളാച്ചി റെയിൽവേ ടെർമിനലിലേക്ക് ട്രെയിൻ വഴി വാഹനങ്ങൾ അയയ്ക്കുന്ന ആദ്യ പാസഞ്ചർ വാഹന നിർമ്മാതാക്കളായി മാരുതി സുസുക്കി മാറി.

റെയിൽ മാർഗ്ഗം ഈ പ്രദേശത്തേക്ക് പ്രതിവർഷം 11,000-ത്തിലധികം അധിക വാഹനങ്ങൾ എത്തിക്കാൻ പുതിയ ടെർമിനൽ സഹായിക്കും.


വാഗൺ ആർ, എർട്ടിഗ, ഡിസയർ, സെലെരിയോ തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടെ 120 വാഹനങ്ങളുമായി ഓഗസ്റ്റ് 18-ന്  മനേസർ പ്ലാൻ്റ് റെയിൽവേ ഫെസിലിറ്റിയിൽ നിന്ന്പുറപ്പെട്ട ട്രെയിൻ, ഈ ആഴ്ച ആദ്യം പൊള്ളാച്ചിയിൽ എത്തി.

കോയമ്പത്തൂരിന് പുറമെ തെക്കേ ഇന്ത്യയിൽ മറ്റൊരു ടെർമിനൽ എന്ന നിലയിലാണ് പൊള്ളാച്ചി റെയിൽവേ ടെർമിനൽ പ്രവർത്തനക്ഷമമാക്കാൻ മാരുതി സുസുക്കി ഇന്ത്യൻ റെയിൽവേയുമായി ചേർന്ന് പ്രവർത്തിച്ചത്.

തെക്കേ ഇന്ത്യയിലെ ഉപഭോക്താക്കളെ സേവിക്കാനുള്ള മാരുതി സുസുക്കിയുടെ ശേഷി ഈ ടെർമിനൽ വർദ്ധിപ്പിക്കും. കേരളത്തിൽ ഓണാഘോഷത്തിന് മുന്നോടിയായി എത്തിയ ഇത്,  കമ്പനിക്ക് ഏറെ ഗുണം ചെയ്യും.

പൊള്ളാച്ചി റെയിൽവേ ടെർമിനലിൽ വർഷത്തിൽ ഏകദേശം 70 ഓട്ടോമൊബൈൽ റേക്കുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഈ പ്രദേശത്തേക്ക് റെയിൽ മാർഗ്ഗം പ്രതിവർഷം 11,000-ത്തിലധികം അധിക വാഹനങ്ങൾ എത്തിക്കാൻ സാധിക്കും.


കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുന്നതിനും ഇന്ധന ഉപഭോഗവും റോഡിലെ ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിനുമായി മാരുതി സുസുക്കി 2014-15 സാമ്പത്തിക വർഷത്തിലാണ് റെയിൽ മാർഗ്ഗമുള്ള വാഹന കയറ്റി അയക്കൽ രീതി സ്വീകരിച്ചത്. കമ്പനി  ഔട്ട്ബൗണ്ട് വാഹന കയറ്റി അയക്കലിൽ റെയിലിന്റെ പങ്ക് 2014-15 ലെ 5 ശതമാനത്തിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 26.5 ശതമാനമായി ഉയർത്തി. ഇതുവരെ ആകെ 32 ലക്ഷത്തിലധികം വാഹനങ്ങളാണ് ഇത്തരത്തിൽ അയച്ചത്.

ഗ്രീൻലോജിസ്റ്റിക്സിനോടുള്ള  പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട്, 2030-31 സാമ്പത്തിക വർഷമാകുമ്പോഴേക്കും റെയിൽ മാർഗ്ഗമുള്ള വാഹന കയറ്റി അയക്കലിന്റെ പങ്ക് 35 ശതമാനമായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.